കോട്ടയം :കറുകച്ചാൽ :രാത്രി സഹോദരനുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി കുറ്റിക്കാട്ടിലൊളിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രി 7.30 തോടെ വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് കാടും പടര്‍പ്പും നിറഞ്ഞ കുറ്റിക്കാട്ടില്‍ ഒളിച്ച പൂണിക്കാവ് സ്വദേശിനിയായ 17 കാരിയെയാണ് ഇന്ന് പുലര്‍ച്ചെ 5.30 തോടെ നാട്ടുകാര്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം മണിമല പോലീസില്‍ അറിയിച്ചത്.

പോലീസ് എത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഇതിനുശേഷമെ പെണ്‍കുട്ടി വീടുവിടാനുണ്ടായ കാരണത്തെക്കുറിച്ചും രാത്രിയില്‍ എവിടെ തങ്ങി എന്നതിനെക്കുറിച്ചുമെല്ലാം കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു എന്നും പോലീസ് അറിയിച്ചു.
രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാരില്‍ ഒരാള്‍ എവിടെപ്പോകുന്നു എന്നു ചോദിച്ചതോടെയാണ് പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞത്. ഉടന്‍ നാട്ടുകാര്‍ കുറ്റിക്കാട്ടിലേക്ക് ചാടി പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. താമസിയാതെ അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ കടന്നുപോവുക വെല്ലുവിളിയായിരുന്നു. വീട്ടില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെണ്‍കുട്ടി ഓടിമറഞ്ഞ തോട്ടം. തോട്ടത്തില്‍ നിന്ന് 600 മീറ്റര്‍ മാറി മണിമലയാര്‍ ഒഴുകിയിരുന്നത് ഇത് തെരച്ചിലിനിറങ്ങിയവരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു.

