ചെന്നൈ :റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകും. റോഡപകടങ്ങളിൽ ഇരയായവരുടെ ജീവൻ രക്ഷിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളിലുമാണ് ‘എൻ ഉയിർ കാപ്പോൻ’ പദ്ധതി നടപ്പാക്കുന്നത്.

അപകടത്തിൽപ്പെടുന്നവർക്ക് സുവർണ മണിക്കൂറിൽ ചികിത്സ നൽകുന്നതിനും വിലയേറിയ മനുഷ്യ ജീവൻ രക്ഷിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാനം സന്ദർശിക്കുന്ന മറ്റുള്ളവർക്കും സൗജന്യ വൈദ്യസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. സ്കീം 81 അംഗീകൃത ലൈവ് സേവിംഗ് നടപടിക്രമങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (സിഎംസിഎച്ച്ഐഎസ് ) ഗുണഭോക്താക്കളും അംഗങ്ങളല്ലാത്തവരും പുതിയ പദ്ധതിയിൽ ഉൾപ്പെടും. സിഎംസിഎച്ച്ഐഎസ് -ന്റെ ഗുണഭോക്താക്കൾക്ക് അതെ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുമെന്നും ഈ പദ്ധതിയിലോ ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിലോ ഉൾപ്പെടാത്തവർക്ക് അവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

