എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം. വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഇവിടെ ഗൂഢാലോചന നടന്നു. തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ തീവ്രവാദി സംഘമാണ് സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയത്. ജില്ലയില്‍ തങ്ങി കൃത്യമായ പ്ലാനോട് കൂടിയാണ് കൊലപാതകം നടപ്പിലാക്കിയത്. കുറച്ച് കാലങ്ങളായി കേരളത്തിന്റെ ആഭ്യന്തരവകുപ്പും ആര്‍.എസ്.എസും പരസ്പര ധാരണയിലാണ് കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി.

രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷവും ആര്‍.എസ്.എസ് ശാഖകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആര്‍ എസ് എസിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇടതുപക്ഷത്തിനെതിരായ സംഘര്‍ഷം ആര്‍.എസ്.എസ് കുറച്ചതും ഈ ധാരണക്ക് പുറത്താണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് സംഭവിച്ച അപചയത്തിന്റെ ഭാരം കേരളീയ ജനത ഏറ്റെടുക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

