കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് താല്‍ക്കാലിക വിരാമം. ഡി.സി.സി പുനഃസംഘടനയില്‍ ഗ്രൂപ്പുകളെ പരിഗണനയിലെടുക്കും നേതൃത്വത്തിന്റെ ഉറപ്പ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ.സുധാകരന്‍ നേരിട്ട് ഉറപ്പുനല്‍കിയതോടെ പുനഃസംഘടനയ്‌ക്കെതിരായ ഗ്രൂപ്പുകളെ എതിര്‍പ്പിന് താല്‍ക്കാലിക പരിഹാരമാകുന്നു. അതേസമയം തദ്ദേശ സ്ഥാപനങ്ങളില്‍ പദവി വഹിക്കുന്ന ജനപ്രതിനിധികളെ പുനഃസംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തും.

പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന, മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന പട്ടികയില്‍ വെട്ടിത്തിരുത്തല്‍ വരുത്തില്ല, തുടങ്ങി നേതൃത്വം നല്‍കിയ ഉറപ്പുകളിലാണ് ഗ്രൂപ്പുകളുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് കണ്ട് കെ.സുധാകരന്‍ ഇക്കാര്യങ്ങളില്‍ ഉറപ്പുനല്‍കിയതായാണ് വിവരം. എല്ലാം സുഗുമമായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പരസ്യമാക്കിയതും ഇതിന്റെ ഭാഗമാണ്.


