അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍ അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജയില്‍ വകുപ്പ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാദര്‍ തോമസ് കോട്ടൂരിനെ ജയില്‍ നിന്ന് മോചിപ്പിക്കരുതെന്ന് കോട്ടയം എസ്.പി റിപ്പോര്‍ട്ട് നല്‍കിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നല്‍കിയ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറി. അഭയക്കേസില്‍ ഒന്നാം പ്രതിയായ തോമസ് കോട്ടൂര്‍ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലില്‍ കഴിയുന്നതിനിടെ വേഗത്തില്‍ മോചിതനാക്കുന്നതിലൂടെ തെറ്റായ സന്ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊവിഡ് വ്യാപന സമയത്ത് തോമസ് കോട്ടൂരിന് 139 ദിവസത്തെ പരോള്‍ നല്‍കിയിരുന്നു. പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിനെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.


