കൊച്ചി അമ്പലമേട്ടില്‍ നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ . അമ്പലമേട് കേബിൾ നെറ്റ് വർക്ക് ഓഫീസിന് മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ പെട്രോളടിക്കാൻ കാശില്ലാതെ നടുറോഡിൽ കുടുങ്ങിപ്പോയതോടെയാണ് പ്രതി പോലീസുകാരുടെ പിടിയിലായത്. വഴിയിൽ പെട്രോളടിക്കാൻ പൈസയില്ലാതെ പെട്ട് നിന്ന ചോറ്റാനിക്കര സ്വദേശി ജോബിയെ കണ്ട നാട്ടുകാർക്കാണ് സംശയം തോന്നിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച മോഷണ ദൃശ്യത്തിലെ ചെറുപ്പക്കാരനാണോയെന്ന നാട്ടുകാരുടെ സംശയം തെറ്റിയില്ല. പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ജോബി കുറ്റം സമ്മതിച്ചു. തുടർന്ന് യുവാവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.


