
പഞ്ചാബ്:ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.ജസ്റ്റിസ് ലിസ ഗില്ലാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. 2020-ലെ ബതിന്‍ഡ കുടുംബ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.യുവതിയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. 2009ലായിരുന്നു ഇവരുടെ വിവാഹം. ദമ്ബതികള്‍ക്ക് ഒരു മകളുണ്ട്. പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത സിഡി ഉപയോഗിച്ചു കുറ്റകൃത്യം തെളിയിക്കാന്‍ ഭര്‍ത്താവിനു ബതിന്‍ഡ കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമായാണ് കോടതി നിരീക്ഷിച്ചത്.

