ആലപ്പുഴയിലെ ഇരട്ടക്കൊലയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു തലസ്ഥാനത്തെ ഉന്നത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ. ഇന്നലെ പ്രതിയെത്തിരഞ്ഞ് പോകവേ വള്ളം മറിഞ്ഞ് മരിച്ച പോലീസുദ്യോഗസ്ഥൻ ബാലുവിന്‍റെ മൃതദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വെച്ച അതേസമയത്തായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉന്നതരുടെ ക്രിക്കറ്റ് വിനോദം.

ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്ത, ഡിസിപി വൈഭവ് സക്സേന അടക്കമുള്ളവർ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. കളിയുടെ തിരക്കുണ്ടായിരുന്നത് കൊണ്ട് മരിച്ച പോലീസുദ്യോഗസ്ഥൻ ബാലുവിന്‍റെ പൊതുദർശനത്തിന് ശേഷമാണ് ഡിസിപി വൈഭവ് സക്സേന എസ്എപി ക്യാമ്പിലെത്തിയത്. സ്വന്തം സേനയിലെ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിക്കാൻ പോലും ഡിസിപി എത്തിയില്ല.

സേനയിൽത്തന്നെ ഒരംഗത്തിന്‍റെ വിയോഗമുണ്ടായിട്ടും തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽത്തന്നെ രണ്ട് രാഷ്ട്രീയകക്ഷികളിൽപ്പെട്ട രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ട് മണിക്കൂറുകൾ പോലും കഴിയുന്നതിന് മുമ്പേ ആസ്വദിച്ച് ചിരിച്ച് തിമർത്ത് ക്രിക്കറ്റ് കളിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ 12 മണി വരെയായിരുന്നു മത്സരം നടന്നത്.


