കോട്ടയം : പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിയ്ക്ക് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്. സാമ്പത്തിക പ്രശ്നങ്ങളും , ഭർത്താവ് കുടുംബം നോക്കാതിരുന്നതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി സ്ഥിരീകരണമില്ലെന്ന് പൊലീസ് അറിയിച്ചു.

ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് സംഘം മണർകാട് നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവങ്ങള്‍.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് റോസന്ന പൊലീസിന് മൊഴി നൽകി. കൃത്യമായി ജോലിയ്ക്ക് പോകാതിരുന്ന സിജി കുടുംബം നോക്കിയിരുന്നില്ലെന്നാണ് റോസന്ന പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാനാണ് സിജി ശ്രമിച്ചിരുന്നത്. ഇത് റോസന്നയിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇവർ നൽകുന്ന മൊഴിയിലെ സുചന.ചൊവ്വാഴ്ച പുലർച്ചെ റോസന്ന , ഉറങ്ങിക്കിടന്ന സിജിയെ കോടാലി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്ന സിജി തല്ക്ഷണം മരിച്ചു. തുടർന്ന്, റോസന്ന സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. തമിഴ് നാട്ടിലേയ്ക്ക് രക്ഷപെടാനായിരുന്നു ഇവരുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം പിന്നീട് പണമില്ലാത്തതിനാൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മണർകാട് പള്ളിയുടെ ഭാഗത്ത് എത്തിയതും പൊലീസ് പിടിയിലായതും. സൂസന്നയുടെ അറസ്റ്റ് പൊലീസ് സംഘം രേഖപ്പെടുത്തി. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

