പുതുപ്പള്ളി :ഉറക്കത്തിൽ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ (കൊച്ച് 48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലനടത്തിയ ശേഷം വീട്ടിൽനിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണർകാട്ടുനിന്നാണ് പോലീസ് പിടിച്ചത്. വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യപാനത്തിനും ദുർനടപ്പിനും പുറമേ സ്വന്തം വീട്ടിലേക്കാൾ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്നുമുള്ള ആക്ഷേപങ്ങളാണ് റോസന്ന പോലീസിനോടു പറഞ്ഞത്. ഇതുമൂലം നാളുകളായി ഭർത്താവിനോട് വൈരാഗ്യത്തിലായിരുന്നു.

വഴക്കിട്ട് മൂന്നുദിവസമായി വീട്ടിൽ ആഹാരം വെച്ചിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടിൽനിന്ന് ആഹാരം കൊണ്ടുവന്ന് മകനും ഭർത്താവും കഴിക്കും. സംഭവദിവസം രാത്രി ബിരിയാണി കൊണ്ടുവന്ന് റോസന്നയ്ക്ക് നൽകാതെ ഇരുവരും കഴിച്ചു. മിച്ചമുണ്ടായിരുന്നത് സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് നൽകിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. റോസന്നയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഇവരുടെ മകൻ ജോയലിനെ മാത്യുവിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. മൃതദേഹപരിശോധനയ്ക്കുശേഷം വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂർ പൊതുദർശനത്തിന് വെച്ചു. ആറുമണിയോടെ വെള്ളൂക്കുട്ട പള്ളിയിൽ സംസ്കരിച്ചു.

