ന്യൂഡൽഹി :പശ്ചിമ ഡല്‍ഹിയിലെ ഉത്തംനഗറില്‍ താമസിക്കുന്ന നൈജീരിയ സ്വദേശി ചിനേഡു ഹൈസെന്റ് (25), സുഹൃത്ത് നാഗാലാന്‍ഡ് ദിമാപുര്‍ സ്വദേശിനി കെ. രാധിക (25) എന്നിവരെയാണ് ഡല്‍ഹിയില്‍നിന്ന് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. കഞ്ചിക്കോട് സ്വകാര്യ കമ്പനി ജീവനക്കാരനില്‍നിന്നുമാത്രം 4.75 ലക്ഷംരൂപ പ്രതികള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പിടിയിലായവരുടെ ഉത്തംനഗറിലെ താമസസ്ഥലത്തുനിന്ന് തട്ടിപ്പിനുപയോഗിച്ച സിം കാര്‍ഡുകളും മൊബൈല്‍ഫോണും കണ്ടെടുത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പണം തട്ടിപ്പുനടത്തുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വയനാട്, മലപ്പുറം, തിരുവനന്തപുരം, കോട്ടയം അടക്കമുള്ള ജില്ലകളില്‍നിന്ന് പിടിയിലായവരും സമാനരീതിയില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഞ്ചിക്കോട് സ്വകാര്യ കമ്പനി ജീവനക്കാരനായ 27-കാരന്‍, ഒറ്റപ്പാലം സ്വദേശി തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇന്റര്‍നെറ്റ് ഉപയോഗരീതിയും മൈബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും പിന്തുടര്‍ന്നാണ് ഡല്‍ഹിയിലെത്തി ഇരുവരെയും അറസ്റ്റുചെയ്തത്.
തട്ടിപ്പിന്റെ രാജ്യാന്തരബന്ധം തിരിച്ചറിഞ്ഞതോടെ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. എ. സുകുമാരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച, പാലക്കാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രതാപ്, സീനിയര്‍ സി.പി.ഒ. എ. മനേഷ്, സി.പി.ഒ. എച്ച്. ഹിരോഷ് എന്നിവരടങ്ങിയ സംഘമാണ് ഡല്‍ഹിയിലെത്തിയത്. തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വിലാസം തേടിയെത്തിയ പോലീസിന് വിലാസത്തിലുള്ള സ്ഥലത്ത് കെട്ടിടങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് കേന്ദ്ര സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ സിഗ്‌നല്‍, ഇന്റര്‍നെറ്റ് വിവരം എന്നിവ പിന്തുടര്‍ന്ന് പശ്ചിമ ഡല്‍ഹിയില്‍ നൈജീരിയക്കാര്‍ കൂട്ടമായി താമസിക്കുന്ന ഉത്തംനഗറില്‍ എത്തുകയായിരുന്നു. ഡല്‍ഹി പോലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഇവിടെ പരിശോധന നടത്തിയത്. പാലക്കാട് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു

