ഹൈദരാബാദ് / ന്യൂഡൽഹി ∙ ഈ വർഷം ഒടുവിൽ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്കു വമ്പൻ പദ്ധതികളുടെ പെരുമഴ. ഇതിൽ പൂർത്തിയായ പദ്ധതികളും പുതിയ പദ്ധതികളും ഉൾപ്പെടും. തെലങ്കാനയിൽ 13,500 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്നലെ നിർവഹിച്ചു. രാജസ്ഥാനിൽ 7000 കോടി രൂപയുടെയും മധ്യപ്രദേശിൽ 19,260 കോടി രൂപയുടെയും പദ്ധതികൾക്ക് ഇന്നു തുടക്കം കുറിക്കും. നവംബർ– ഡിസംബർ മാസങ്ങളിൽ ഈ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കും.

തെലങ്കാന മെഹബൂബ് നഗറിൽ നടപ്പാക്കുന്ന പദ്ധതികൾ വിഡിയോ കോൺഫറൻസ് വഴിയാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിനു പുറമേ മുലുഗു ജില്ലയിൽ 900 കോടി രൂപ ചെലവിൽ കേന്ദ്ര ഗോത്ര സർവകലാശാലയുടെ നിർമാണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നാഗ്പുർ– വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ വാറങ്കൽ– ഖമ്മം, ഖമ്മം– വിജയവാഡ റോഡുകളുടെ നിർമാണത്തിനു തറക്കല്ലിട്ടു. ഈ രണ്ടു റോഡുകളുടെ നിർമാണത്തിന് 6400 കോടി രൂപ ചെലവഴിക്കും.

