തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും മക്കളായ ഉയിരും ഉലകവും ഇന്ന് ഏവരുടെയും പ്രിയങ്കരരാണ്. മക്കളുടെ നിരവതി ചിത്രങ്ങൾ താരങ്ങൽ പങ്കുവച്ചിരുന്നെങ്കിലും ഇതുവരെ അവരുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ച് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ്. ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്.

സൗത്ത് ഇന്ത്യയിൽ സറോഗസിയിലൂടെ മക്കൾക്ക് ജന്മം നൽകിയ ആദ്യത്തെ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. അതുകൊണ്ട് തന്നെ ഉയിരിന്റെയും ഉലകത്തിന്റെയും വരവ് വലിയ രീതിയിൽ ചർച്ചയാവുകയും സർക്കാർ വക അന്വേഷണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷെ ഒരു ഗോസിപ്പിനും അന്വേഷണത്തിനും റിപ്പോർട്ടുകൾക്കും നയൻതാരയുടെയും വിഘ്നേഷിന്റെയും സന്തോഷം തകർക്കാനായില്ല. വാടക ഗർഭധാരണത്തിന് നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും ഇരുവരും പാലിച്ചിരുന്നു.
മക്കൾ പിറന്നശേഷം നയൻതാരയുടെയും വിഘ്നേഷിന്റെയും ലോകം അവരാണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്ക് ഗ്രാന്റ് എൻട്രി നയൻതാര നടത്തിയത് പോലും രണ്ട് മക്കൾക്കൊപ്പവുമുള്ള മാസ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു.
അന്ന് ആ വീഡിയോയിൽ അമ്മയ്ക്കൊപ്പം ഉയിരും ഉലകവും കൂളിങ് ഗ്ലാസ് ധരിച്ചിരുന്നതിനാൽ താരപുത്രന്മാരുടെ മുഖം വ്യക്തമായില്ല. മക്കൾ ജനിച്ചുവെന്ന് അറിയിച്ചത് അല്ലാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ നയൻതാരയോ വിഘ്നേഷ് ശിവനോ പങ്കിട്ടിരുന്നില്ല.

