തിരുവനന്തപുരം:നവകേരള സദസ്സിന് സ്‌കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി. കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ ബസ് നല്‍കാം എന്ന പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സ്‌കൂള്‍ ബസുകള്‍ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത് സ്‌കൂള്‍ കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടികാണിച്ച് കെ എസ് യു പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കുലര്‍ പുതുക്കിയത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

