Kerala

പൂജപ്പുര ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തെ നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പൂജപ്പുര ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തെ നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. നവരാത്രി ഉത്സവ സമയത്ത് വേളിമല കുമാര സ്വാമിയുടെ താൽക്കാലിക പ്രതിഷ്ഠ നടത്തുന്നതും മണ്ഡല കാലത്ത് മണ്ഡല ചിറപ്പ് നടത്തുന്നതും വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നതും ഈ സരസ്വതി മണ്ഡപത്തിൽ വച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ നേമം മണ്ഡലം സംഘാടക സമിതി യോ​ഗം കൂടിയത് ഇവിടെയാണ്. മണ്ഡപത്തെ സംഘാടക സമിതി ഓഫീസാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ജനകീയ സമിതി പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു യോഗം. മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഓഡിറ്റോറിയം സമീപത്തുണ്ടായിരിക്കെ, മണ്ഡപത്തിൽ യോഗം നടത്തിയതിനെതിരെയാണ് പ്രതിഷേധം. ആചാര ലംഘനമുണ്ടായ സാഹചര്യത്തിൽ മണ്ഡല ചിറപ്പ് ക്ഷേത്രത്തിനുള്ളിലേക്ക് മാറ്റിയതായി ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.

സ്വാതി തിരുനാളിന്റെ ഭരണ കാലത്ത് പുതുക്കിപ്പണിത ഈ മണ്ഡപവും ഓഡിറ്റോറിയവും കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ക്ഷേത്ര നടത്തിപ്പ് ജനകീയ ഭരണ സമിതിക്കാണ്. സംരക്ഷിത സ്മാരകം ആണെന്ന ബോർഡ് മണ്ഡപത്തിൽ കോർപറേഷൻ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശ പ്രകാരമാണ് യോഗം കൂടിയതെന്ന് സംഘാടകർ പറഞ്ഞതായി പൂജപ്പുര ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top