തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമാകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർകോട് എത്തും. തുടക്കത്തിൽ ചുരുക്കം ഉന്നത ഉദ്യോഗസ്ഥർ മാത്രമേ മന്ത്രിമാർക്ക് ഒപ്പമുണ്ടാകു. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളിൽ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി കാസർകോട്ട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന നവകേരള സദസ് തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായി പ്രത്യേകം തയാറാക്കിയ ബസ് മാറും. നയപരമായ തീരുമാനങ്ങളും ഭരണപരമായ തീരുമാനങ്ങളുമെല്ലാം സഞ്ചരിച്ചു കൊണ്ടായിരിക്കും കൈക്കൊളളുക. മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ പുലർച്ചയോടെ കാസർകോട്ട് എത്തും. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രി, അവിടെ തങ്ങിയ ശേഷം രാവിലെ കാസർകോട് എത്തിച്ചേരും. മറ്റ് മന്ത്രിമാരും പുലർച്ചയോടെ കാസർകോട്ട് എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ വളരെ അത്യാവശ്യം വേണ്ട ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിസഭക്ക് ഒപ്പം ഉണ്ടാകു. ചീഫ് സെക്രട്ടറി ഡോ. വി. വേണു മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങും. പിന്നീട് മന്ത്രിസഭാ യോഗം ചേരുമ്പോൾ മാത്രമേ ചീഫ് സെക്രട്ടറി പര്യടനത്തിന് ഒപ്പം ചേരു.
22 ന് തലശേരിയിൽ വെച്ചാണ് നവകേരള സദസിന് ഇടയിലുളള ആദ്യ മന്ത്രിസഭാ യോഗം. പര്യടനം പുരോഗമിക്കുന്ന മുറയ്ക്ക് തീരുമാനം എടുക്കുന്നതിനും മറ്റുമായി കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ മന്ത്രിസഭയ്ക്ക് ഒപ്പം ചേരും.

