തിരുവനന്തപുരം: മന്ത്രി ആർ.ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലേക്കു കെഎസ്‍യു നടത്തിയ മാർച്ചിനിടെ ലാത്തികൊണ്ട് അടിച്ചു മൂക്കിന്റെ പാലം തകർത്ത പൊലീസുകാരന്റെ മുഖം തിരിച്ചറിഞ്ഞതായി കെഎസ്‍യു സംസ്ഥാന സമിതിയംഗം നസിയ മുണ്ടപ്പള്ളി. അപ്രതീക്ഷിതമായി അടിയിൽ ബോധം പോവുകയായിരുന്നു. പിന്നീടു ചാനൽ ദൃശ്യങ്ങളിൽനിന്നാണ് പൊലീസുകാരനെ തിരിച്ചറിഞ്ഞത്. ചിത്രം സഹിതം സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു കൈമാറി കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായി നസിയ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ നസിയ ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രി വിട്ടത്. സുഗമമായി ശ്വാസമെടുക്കാനോ ദീർഘനേരം സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിലാണ്. കോട്ടയം മേലുകാവ് സ്വദേശിനിയായ നസിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിഎ പൊളിറ്റിക്കൽ സയൻസ് അവസാനവർഷ വിദ്യാർഥിനിയാണ്. വനിതാ പൊലീസുകാർക്കു പകരം പുരുഷ പൊലീസുകാരാണ് വനിതകൾക്കെതിരെ ബലം പ്രയോഗിച്ചതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വനിതാ പ്രവർത്തകരെ അസഭ്യം വിളിച്ചെന്നും നസിയ പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോൾ പെട്ടെന്നായിരുന്നു രണ്ടാം നിരയിൽനിന്നു മറ്റൊരു പൊലീസുകാരൻ ലാത്തി തലയ്ക്കു നേരെ ഉയർത്തി വീശിയത്. മൂക്കിനാണ് അടിയേറ്റത്. ചോരയൊലിച്ചു കിടന്ന തന്നെ ആശുപത്രിയിലെത്തിക്കാൻ ആദ്യം പൊലീസുകാർ തയാറായില്ലെന്നു സഹപ്രവർത്തകർ പറഞ്ഞറിഞ്ഞു.– നസിയ പറഞ്ഞു.

