മുണ്ടക്കയം: പെരുവന്താനത്ത് ഒരാഴ്ചക്കിടെ ഇറങ്ങിയത് 38 ആനകൾ. വന്യജീവികൾ നാട്ടിൽ ഇറങ്ങി വിഹരിക്കുകയാണ്. ഒരാഴ്ചയായി പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ഭീതി പടർത്തിക്കൊണ്ടിരിക്കുകയാണ് വന്യജീവികൾ. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ജനവാസ മേഖലയിലാണ് 38 ആനകൾ ഇറങ്ങിയത്.

ഇവയെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഓടിച്ച് വനത്തിലേക്ക് വിടാറുണ്ടെങ്കിലും വീണ്ടും നാട്ടിലേക്ക് ഇറങ്ങുന്നു.ജനം പുറത്തിറങ്ങാൻ പോലും ഭയക്കുന്നു. എസ്റ്റേറ്റ് മേഖലയായ ചെന്നാപ്പാറ, കുപ്പക്കയം എന്നിവിടങ്ങളിലും കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, പട്ടാളക്കുന്ന് മേഖലയിലുമാണ് വന്യമൃഗ ശല്യം രൂക്ഷം. എസ്റ്റേറ്റ് മേഖലയിൽ ആവശ്യത്തിന് തീറ്റയും വെള്ളവും ഉള്ളതാണ് ആനകൾ നാട്ടിലിറങ്ങാൻ കാരണം. സീസണായതോടെ ശബരിമല കാനനപാതയിൽ കടകൾ നിർമിക്കാൻ തുടങ്ങിയതോടെ ഇൗ പ്രദേശത്തേക്ക് പോകാനാവാതെ ആനകൾ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങുകയാണ്.
വളർത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ, കോരുത്തോട് പട്ടാളക്കുന്ന് എന്നിവിടങ്ങളിൽ മൃഗത്തെ പിടിക്കാൻ രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു. എസ്റ്റേറ്റ് പ്രദേശത്ത് 60 മൃഗങ്ങളാണു കൊല്ലപ്പെട്ടത്. ഇതിനിടെ പമ്പയിൽനിന്നു പന്നികളെ ലോറിയിൽ കഴിഞ്ഞ ദിവസം ചെന്നാപ്പാറ മേഖലയിൽ തുറന്നുവിട്ടത് പ്രതിഷേധത്തിന് ഇടയാക്കി. കിടങ്ങ് നിർമിക്കാമെന്ന അധികൃത വാഗ്ദാനം നടപ്പായില്ല.

