മൂന്നാർ: ഇന്നലെ തെണ്ടുവരൈയിലും സൈലന്റ് വാലിയിലുമാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. സെവൻമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രിയായിരുന്നു താപനില. മൂന്നാർ ടൗണിൽ നാല് ഡിഗ്രി രേഖപ്പെടുത്തി. കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ ഇന്നലെ രേഖപ്പെടുത്തിയത്.


ഈ മാസം തുടക്കം മുതൽ മൂന്നാറിൽ തണുപ്പ് ആരംഭിച്ചിരുന്നു. ഇതോടെ തളർന്നുകിടന്ന വിനോദസഞ്ചാര മേഖലയിൽ ഉണർവുണ്ടായി. തണുപ്പ് വർധിച്ചതോടെ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടായി. സംസ്ഥാനത്തിന് അകത്തുള്ള സഞ്ചാരികളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ എത്തുന്നത്. ഇതിൽത്തന്നെ ഹിൽ സ്‌റ്റേഷനുകളായ കൊളുക്കുമലയും മീശപ്പുലിമലയും കാണാനാണ് യുവാക്കളുടെ സംഘങ്ങൾ എത്തുന്നത്.

കാർഷിക ഗ്രാമങ്ങളായ വട്ടവടയും കാന്തല്ലൂരും കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ്. ഹൈഡൽ ടൂറിസം വകുപ്പിനു കീഴിലുള്ള മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർധിച്ചു. വരയാടുകളുടെ കേന്ദ്രമായ രാജമലയിലും സന്ദർശകർ എത്തിയത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവായി. പുതുവർഷത്തിൽ പുറത്തുനിന്നുള്ള കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂർ ഓപറേറ്റർമാർ.

മഞ്ഞുവീണ് വെള്ളപുതച്ചതാണ് മൂന്നാറിലെ പുലർകാലം. തേയില ചെടികളും ഉദ്യാനങ്ങളുമെല്ലാം മഞ്ഞുകട്ടകൾ കൊണ്ട് മൂടിയ കാഴ്ച അവിസ്മരണീയമാണ്. വരും ദിനങ്ങളിൽ താപനില താഴ്ന്നുതന്നെ നിൽക്കാനാണ് സാധ്യത. സാധാരണയായി മൂന്നാറിൽ നവംബറിൽ തുടങ്ങുന്ന ശൈത്യകാലം ജനുവരിയോടെയാണ് അവസാനിക്കുക. എന്നാൽ ഈ വർഷം നവംബറിലും ഡിസംബറിന്റെ ആദ്യവാരത്തിലും കനത്തമഴ തുടർന്നത് ശൈത്യകാലത്തിന്റെ വരവ് വൈകിപ്പിച്ചു. പുതുവത്സര ആഴ്ചകളിൽ സാധാരണയായി മൂന്നാറിലെ തണുപ്പ് മൈനസിലേക്ക് എത്താറുണ്ട്.

