ഭോപ്പാൽ: കോണ്‍ഗ്രസിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ചില അര്‍ബന്‍ നക്‌സലുകളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ കാര്യങ്ങള്‍ കരാര്‍ നല്‍കിയിരിക്കുകയാണെന്നും നേതാക്കളല്ല കോണ്‍ഗ്രസിനെ നടത്തിക്കൊണ്ട് പോകുന്നതെന്നും ഭോപ്പാലില്‍ നടന്ന ‘കാര്യകര്‍ത്ത മഹാകുംഭ്’ എന്ന പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ഇച്ഛാശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ താഴെക്കിടയിലുള്ള നേതാക്കളെല്ലാം വാപൂട്ടി ഒരഭിപ്രായവും പറയാതെ ഇരിക്കുകയാണ്. മുദ്രാവാക്യം തയ്യാറാക്കുന്നതുമുതല്‍ നയ രൂപീകരണം വരെ പുറത്തുനിന്ന് ആളെക്കൊണ്ടുവന്നാണ് ചെയ്യിക്കുന്നത്. അര്‍ബന്‍ നക്‌സലുകള്‍ക്കാണ് ഇതിനെല്ലാം കരാര്‍ നല്‍കിയിരിക്കുന്നത്. മോദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളരിക്കരണ്ടിയുമായി ജനിച്ചവരാണെന്നും പാവങ്ങളുടെ ജീവിതം അവര്‍ക്ക് സാഹസിക ടൂറിസമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ഒരു പൗരനെയും ദാരിദ്ര്യത്തില്‍ കഴിയാന്‍ താന്‍ അനുവദിക്കില്ല. താന്‍ കഷ്ടപ്പാടുകളിലൂടെയാണ് വളര്‍ന്നത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

