
പാലാ :വലവൂർ: വലവൂരിലെ വോളിബോൾ കോർട്ടിൽ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിനും മാണി സി കാപ്പൻ എം എൽ എ യും ‘ചെറുപ്പക്കാ’രായി കളിക്കളത്തിൽ ഇറങ്ങി. രണ്ടാമത് ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.



മന്ത്രി ഉദ്ഘാടകനും എം എൽ എ അധ്യക്ഷനുമായിരുന്നു. മുൻ അന്തർദ്ദേശീയ താരം കൂടിയായ മാണി സി കാപ്പൻ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു എത്തിയത്. റോഷിയാകട്ടെ എത്തിയ ശേഷമാണ് ജേഴ്സി അണിഞ്ഞത്.
പ്രസംഗത്തിൽ തങ്ങളുടെ വോളിബോൾ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണികളുമായി പങ്കുവച്ചു. തുടർന്നു ഇരുവരും കോർട്ടിലിറങ്ങിയപ്പോൾ കാണികൾ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. റോഷി ഇടുക്കി ടീമിനു വേണ്ടിയും മാണി സി കാപ്പൻ കോട്ടയം ടീമിനു വേണ്ടിയുമാണ് കളിക്കളത്തിൽ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു. റോഷി നൽകിയ പാസ് എടുത്ത മാണി സി കാപ്പൻ അതു തിരിച്ചു റോഷിക്കിട്ടു നൽകി. സഹകളിക്കാരും പങ്കാളികളായി. പത്തു മിനിറ്റോളം പഴയ ഓർമ്മകളുമായി പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോർട്ടിൽ നിന്നും തിരികെ കയറിയത്.മന്ത്രി റോഷി അഗസ്റ്റിനും.എം എൽ എ മാണി സി കാപ്പനും വോളിബോൾ കോർട്ടിൽ ഏറ്റുമുട്ടുന്നു എന്ന വാർത്ത അറിഞ്ഞു നാട്ടുകാർ കൂടിയെങ്കിലും കളിയ്ക്കാൻ ഒന്നും അവർ കൂട്ടാക്കിയില്ല.പ്രായം 65 ആയി ഇനി കളിച്ചാൽ വീട്ടിൽ കിടക്കേണ്ടി വരും എന്നായി മാണി സി കാപ്പൻ.
ഇപ്പോൾ ഈ ഗ്രാമാന്തരീക്ഷത്തിൽ പഴയ വോളിബോൾ കോർട്ടിലെത്തിയതിനെ കുറിച്ച് എന്ത് പറയുന്നു എന്ന ചോദ്യത്തിന് പഴയ കട്ടർ റോഡിൽ നിന്നും മെയിൽ റോഡിലേക്ക് കയറിയ പ്രതീതി ആണെന്നായിരുന്നു പൊട്ടി ചിരിച്ചു കൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ മറുപടി.എങ്ങനെയുണ്ട് എന്ന മട്ടിൽ മന്ത്രി മാണി സി കാപ്പനെ നോക്കി കണ്ണിറുക്കി.അപ്പോൾ സ്ഥലവാസിയും പഴയ വോളിബോൾ താരവും ഇരുവരുടെയും സുഹൃത്തുമായ കുഞ്ഞുമോനും എത്തി.കുഞ്ഞുമോനുമായി വിശേഷങ്ങൾ പങ്ക് വച്ചപ്പോൾ കുഞ്ഞുമോനും സന്തോഷം അടക്കാൻ കഴിഞ്ഞില്ല.രണ്ടു പേരും നമ്മുടെ ദോസ്താ കേട്ടോ.എല്ലാവരോടുമായി കുഞ്ഞുമോൻ പറഞ്ഞു.രണ്ടുപേരും കളം മുഴുവൻ ഓടി നടന്നു കുശലങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.സെൽഫി എടുപ്പുകാരുടെ കൂടെയും ഇരുവരും കൂടി.ആരെയും നിരാശപെടുത്താത്തതിനാൽ എല്ലാവര്ക്കും സന്തോഷം.ഇരുവരുടെയും ജനകീയ ബന്ധത്തിന്റെ ഉരകല്ലായി വലവൂർ എന്ന ഗ്രാമത്തിലെ ഈ വോളിബോൾ കോർട്ട്.ഇതിനിടെ മുഖ്യ സംഘാടകനായ ഫിലിപ്പ് കുഴികുളവും എത്തി ഇരുവരുമായി സൗഹൃദം പങ്കു വച്ചു.ഫിലിപ്പ് ചേട്ടോ എന്നാണ് ഇരുവരും സംബോധന ചെയ്തത്.ഇരുവരുടെ കൂടെ ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.ഇതെല്ലം കണ്ട ഒരു നാട്ടുകാരൻ പതം പറഞ്ഞു ഇനി ഇവർ രണ്ടു പേരും അടുത്ത തെരെഞ്ഞെടുപ്പിൽ ഏറ്റുമുട്ടുമോ എങ്കിൽ നമ്മൾ കുഴഞ്ഞത് തന്നെ.
ഫിലിപ്പ് കുഴികുളം ആമുഖപ്രസംഗം നടത്തി. പ്രൊഫ വി കെ സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി, സുമിത്ത് ജോർജ്, പി സി രവി, ശ്രീരാഗം രാമചന്ദ്രൻ, ജോപ്പി ജോർജ്, അഡ്വ സോമശേഖരൻ നായർ , അഗസ്റ്റിൻ അലക്സ് എന്നിവർ പ്രസംഗിച്ചു.

