റോം :കുഞ്ഞുങ്ങൾ വേണ്ടെന്നുവെച്ച് പകരം പട്ടിയെയും,പൂച്ചയേയും വളർത്തുന്നവർ സ്വാർഥതയാണ് കാണിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പസമൂഹത്തിൽ കുട്ടികളുടെ സ്ഥാനം വളർത്തുജീവികൾ ഏറ്റെടുക്കുന്ന സ്ഥിതിയാണ് പലപ്പോഴുമുള്ളതെന്ന് രക്ഷാകർതൃത്വത്തെക്കുറിച്ച് വത്തിക്കാനിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

ഒരുതരത്തിലുള്ള സ്വാർഥതയാണ് നമ്മൾ കാണുന്നത്. ചിലർക്ക് കുട്ടികളെ വേണ്ട. ചിലർ ഒരു കുട്ടി മതിയെന്നുവെക്കുന്നു. പക്ഷേ, അവർക്ക് കുട്ടികളുടെ സ്ഥാനത്ത് പട്ടികളും പൂച്ചകളുമുണ്ടാകും. ഞാൻ പറയുന്നത് ആളുകളെ ചിരിപ്പിക്കുമായിരിക്കാം. പക്ഷേ, ഇതാണ് യാഥാർഥ്യം. മാതൃത്വവും പിതൃത്വവും നിഷേധിക്കുന്നത് നമ്മെ തകർക്കും. മനുഷ്യരാശിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളാൽ കുട്ടികളുണ്ടാവാത്തവർ ദത്തെടുക്കൽ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാകർതൃത്വത്തിലേക്ക് കടക്കാൻ ഭയപ്പെടേണ്ടതില്ല. ഒരു കുട്ടിയുണ്ടാകുന്നത് എപ്പോഴും അപകടമാണ്. എന്നാൽ, കുട്ടികളുണ്ടാവാതിരിക്കുന്നതിലാണ് കൂടുതൽ അപകടസാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ വേണ്ടെന്നുവെക്കുന്നതുകാരണം പല രാജ്യങ്ങളും ജനസംഖ്യാപ്രതിസന്ധി നേരിടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്കുപകരം വളർത്തുജീവികളെ വെക്കുന്നത് സംസ്കാരത്തിന്റെ പതനമാണെന്ന് 2014-ലും മാർപാപ്പ പറഞ്ഞിരുന്നു. മാർപാപ്പയുടെ പരാമർശത്തെ വിമർശിച്ച് ഒട്ടേറെ മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.

