ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ വീണ്ടും ആളിക്കത്തിച്ച് വിദ്യാര്‍ത്ഥികളുടെ കൊലപാതകം. മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും സംഘവും ഇന്ന് മണിപ്പൂരില്‍ എത്തും.

നേരത്തെ നടന്ന കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റ് നിരോധനം നീക്കിയതോടെ പുറത്തുവന്നത്. ഇത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. പിന്നില്‍ കുക്കി തീവ്രസംഘടനകളാണെന്ന് ആരോപിച്ച് പ്രതിഷേധം തുടരുകയാണ്.
രാത്രി ഏറെ വൈകിയും ഇംഫാലില്‍ മെയ്‌തെയ് യുവാക്കളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മണിപ്പൂരില്‍ 24 എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
മെയ്തി വിഭാഗത്തില് നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍ ഇരുവരും ഇരിക്കുന്ന ഫോട്ടോയും മരിച്ച നിലയില്‍ കിടക്കുന്ന ഫോട്ടോയുമാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചത്. വിദ്യാര്‍ത്ഥികളെ കാണാതായ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

