കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ വ്ലോഗർ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സർക്കുലർ. സൗദി അറേബ്യൻ യുവതി നൽകിയ പരാതിയ്ക്ക് പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തിൽ ലുക്കൗട്ട് സർക്കുലർ നൽകിയത്. നിലവിൽ ഇയാൾ വിദേശത്താണെന്നു പൊലീസ് പറയുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. അതിനിടെ ഷക്കീർ സുബാൻ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറിനെതിരെ എറണാകുളം സെന്‍ട്രൽ പൊലീസാണ് കേസ് എടുത്തത്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ യാത്രാ വിഡിയോകൾ ചെയ്ത് ശ്രദ്ധ നേടിയ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി അറേബ്യ പൗരയായ 29കാരിയാണ് പരാതി നൽകിയത്. ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്.

