ഭോപ്പാൽ: മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയോട് അനുബന്ധിച്ച് ഭോപ്പാലിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. അദാനി-മോദി ബന്ധം ഉന്നയിച്ച് ബിജെപിക്കെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. ബിജെപിയുടെ കുത്തകയായ തലസ്ഥാന ജില്ല തിരിച്ചുപിടിക്കുകയാണ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ബിജെപി ഭരണത്തിൽ ഭിന്നിച്ച മധ്യപ്രദേശിലെ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും, സ്നേഹത്തിന്റെ കട തുറക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഭോപ്പാലിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. ഭോപ്പാലിൽ ആകെയുള്ള ഏഴിൽ നാല് സീറ്റും കയ്യാളുന്നത് ബിജെപിയാണ്. ഇക്കുറി കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവെക്കുന്നു എന്ന പ്രതീതിയുണ്ട്.
രാഹുലിന്റെ വരവ് കോൺഗ്രസ് പ്രവർത്തകർക്ക് ഇരട്ടി ഊർജ്ജമായി. ജനം ഇരച്ചുകയറിയതോടെ രാഹുലിനെ അണിയിക്കാൻ വെച്ചിരുന്ന പൂമാല ആവേശം അണപൊട്ടിയ പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നൽകി. വിവിധ മണ്ഡലങ്ങളിലായി കിലോമീറ്ററുകൾ നീണ്ട റോഡ് ഷോയാണ് നടന്നത്.

