കോഴിക്കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഐഎം പ്രവർത്തകരെ ക്ഷണിച്ച് എം കെ രാഘവൻ എംപി. റാലിയിൽ സിപിഐഎം പ്രവർത്തകർക്കും പങ്കെടുക്കാമെന്ന് എം കെ രാഘവൻ എം പി വ്യക്തമാക്കി. കോൺഗ്രസിൻ്റെ തിരിച്ചു വരവായിരിക്കും റാലിയെന്നും എം കെ രാഘവൻ പറഞ്ഞു.

സിപിഐഎം നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനായിരുന്നു ക്ഷണം. എന്നാൽ കോൺഗ്രസ് നടത്തുന്ന റാലിയിലേക്ക് സിപിഐഎം പ്രവർത്തകരെയും ക്ഷണിക്കുകയാണ് കോൺഗ്രസ്. പലസ്തീനൊപ്പം നിൽക്കുന്ന എല്ലാവർക്കും റാലിയുടെ ഭാഗമാകാമെന്നും എംകെ രാഘവൻ പറഞ്ഞു. കോഴിക്കോട്ടെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരിക്കും പലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് എം കെ.രാഘവൻ എം പി വ്യക്തമാക്കി. നവംബർ 23ന് വൈകുന്നേരം 3മണിക്ക് കോഴിക്കോട് കടപ്പുറത്താണ് അരലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ട് റാലി കോൺസ് സംഘടിപ്പിക്കുന്നത്.

