Kerala

ലോകായുക്ത വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്തതിനെതിരായ ഹര്‍ജി ലോകായുക്ത തള്ളിയ നടപടി സ്വാഗതാര്‍ഹമാണ്. വസ്തുതയുമായി ബന്ധമില്ലാത്ത, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളാണിവ. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഇദ്ദേഹം നേരത്തെ നല്‍കിയ ഹര്‍ജികളും സമാനസ്വഭാവമുള്ളതായിരുന്നു. അവയും തള്ളിപ്പോയിരുന്നുവെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ ഉന്നയിച്ച് പരാതികള്‍ നല്‍കി നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സര്‍ക്കാരിനെതിരായ ചര്‍ച്ചകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും അവസരമൊരുക്കുകയാണ്. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ നേരിട്ടും അല്ലാതെയും നടത്തുന്ന ഈ നീക്കങ്ങളെല്ലാം കോടതികളില്‍ പരാജയപ്പെട്ടതിന് നിരവധി ഉദാഹരണങ്ങള്‍ അടുത്തകാലത്തുണ്ടായി. സര്‍വകലാശാലയിലെ കോണ്‍ഗ്രസ് സംഘടനാ നേതാവായിരുന്നയാളാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്.

നേരത്തേയും ദുരിതാശ്വാസനിധി വിതരണം സംബന്ധിച്ച് അനാവശ്യ വിവാദത്തിന് ചിലര്‍ മുതിര്‍ന്നിരുന്നു. കഴമ്പുള്ള ഒരു ആരോപണവും ഉന്നയിക്കാന്‍ പറ്റാത്തതിന്റെ ജാള്യവും സര്‍ക്കാരിന്റെ ജനസമ്മതിയുമാണ് ഒന്നിനുപുറകെ ഒന്നൊന്നായി കള്ള പ്രചാരണങ്ങള്‍ നടത്താന്‍ യുഡിഎഫിനേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്. വ്യാജനിര്‍മ്മിതികള്‍ കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top