മാള: തൃശ്ശൂർ മാളയിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴൂർ പാറപ്പുറം മാരിക്കൽ ബിജുവാണ് മരിച്ചത്. ബാങ്ക് വായ്പാ തിരിച്ചടവിന്റെ സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് ബിജു ജീവനോടുക്കിയതെന്നാണ് കുടുംബം പറയുന്നത്. ഇന്നലെ ഉച്ചയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിജുവും ഭാര്യ സബിതയും കുഴൂർ സഹകരണ ബാങ്കിൽ പോയി തിരിച്ചെത്തിയ ശേഷം സബിത വീണ്ടും പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണു ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പക്കുടിശിക അടക്കം 2.93 ലക്ഷം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കുഴൂർ സർവീസ് സഹകരണ ബാങ്കിൽ ഹാജരാകണമെന്നു ചാലക്കുടി സഹകരണ സംഘം ആർബിട്രേറ്ററുടെ നോട്ടിസ് ഇവർക്കു ലഭിച്ചിരുന്നു. ബിജുവും സബിതയും ബാങ്കിൽ ഹാജരായപ്പോൾ, 3 മാസത്തെ സാവകാശം നൽകിയിരുന്നതായി ബാങ്ക് സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ദിവസം ബിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപെട്ടതു മൂലവും സാമ്പത്തിക ബാധ്യത വന്നതായി സൂചനയുണ്ട്. പാറപ്പുറത്ത് ജയകേരളയ്ക്കു സമീപം 3 സെന്റിൽ ഒറ്റമുറി വീട്ടിലാണു ബിജുവും കുടുംബവും കഴിഞ്ഞിരുന്നത്.
പുതിയ വീടിനായി ചെറിയൊരു തറ കെട്ടി വർഷങ്ങളായെങ്കിലും സാമ്പത്തിക ബാധ്യതകൾ വെല്ലുവിളിയായി. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയെങ്കിലും നടപടികൾ വൈകുകയാണ്.

