കോട്ടയം: മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി വിവേചനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് പ്രതീകാത്മകമായി മേല്‍ശാന്തിയുടെ കോലത്തില്‍ ചെരുപ്പുമാല അണിയിച്ച് പ്രതിഷേധിച്ച് ഭാരതീയ വേലന്‍ സൊസൈറ്റി. തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ സംഗമം ബി വി എസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.

പി ആര്‍ ശിവരാജന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, സി എസ് ശശീന്ദ്രന്‍, ടി എസ് രവികുമാര്‍, സി പി സോമന്‍, വിജയ് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ക്ഷേത്രചടങ്ങിനിടെ ജാതി വിവേചനം നേരിട്ടുവെന്നത് മന്ത്രിയുടെ തെറ്റിദ്ധാരണയാണെന്ന അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇല്ലാതാക്കിയത് തിരിച്ചുകൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അതിന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദ്യമായി അമ്പലങ്ങളില്‍ പോകുന്ന ആളല്ല താനെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. നിരവധി അമ്പലങ്ങളില്‍ പോകുന്ന ആളാണ്. അമ്പലത്തിന് അകത്ത് വെച്ചല്ല ഈ സംഭവം നടക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ വെച്ചാണ്. ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ മാത്രം ഡിസ്‌ക്രിമിനേഷന്‍ അവസാനിക്കുന്നില്ല. രാജ്യത്ത് ദളിത് വേട്ട വര്‍ധിക്കുകയാണ്. ചോദ്യം ചെയ്തില്ലെങ്കില്‍ അത് കേരളത്തിലേക്കും നീളുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

