വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാന്‍ തീരുമാനം. കടുവ ഇന്നലെ രാത്രിയും വളര്‍ത്തു മൃഗങ്ങളെ കൊന്നു. വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. 14 ദിവസത്തിനിടെ 10 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഡിഎഫ്‌ഒ ഓഫീസ് ഉപരോധിച്ചിരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് മുന്നോടിയായി മാനന്തവാടി കുറുക്കന്‍മൂലയിലും പരിസരങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.


