Kerala

കേരളത്തിലെ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കെടിഡിഎഫ്സി പൂട്ടലിന്റെ വക്കിൽ

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കെടിഡിഎഫ്സി പൂട്ടലിൻറെ വക്കിലെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാർക്ക് ശമ്പളം നൽകാനും നിക്ഷേപ കാലാവധി പൂർത്തിയായ നിക്ഷേപകർക്ക് പണം മ‌ടക്കി നൽകാനും കഴിയാത്ത സാഹചര്യത്തിലാണ് കെടിഡിഎഫ്സി. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് പതിവായിട്ടും പൊതുമേഖലാ സ്ഥാപനത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സർക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് കോടികൾ സ്ഥിരനിക്ഷേപമിട്ടവരാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. നിക്ഷേപ കാലാവധി പൂർത്തിയായിട്ടും ആർക്കുംതന്നെ പണം തിരിച്ചുനൽകാൻ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല. കടം നൽകിയ പണത്തിന് കെഎസ്ആർടിസി തിരിച്ചടവും മുടക്കിയതോടെ സ്ഥാപനത്തിന്റെ നിത്യച്ചിലവിന് പോലും പണം ഇല്ലാത്ത അവസ്ഥയാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വരുമാനമില്ല.

580 കോടിയോളം രൂപയാണ് ഈ ധനകാര്യസ്ഥാപനത്തിൽ പൊതുജന നിക്ഷേപമായുള്ളത്. ഇത് തിരിച്ചുനൽകിയില്ലെങ്കിൽ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നേരത്തെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും, ഒന്നും നടന്നില്ല. കെടിഡിഎഫ്സി കൈമലർത്തിയതോടെ ചില വൻകിട നിക്ഷേപകർ സർക്കാരിനെ സമീപിച്ചിരുന്നു. ഗതാഗതമന്ത്രി ആൻറണി രാജുവും തിരിഞ്ഞുനോക്കുന്നില്ല.

സഹകരണ ബാങ്കുകളിൽനിന്ന് കടമെടുത്താണ് കെഎസ്ആർടിസിക്ക് കെടിഡിഎഫ്സി വായ്പ നൽകിയിരുന്നത്. പിഴപ്പലിശ ഉൾപ്പടെ കെഎസ്ആർടിസി തിരിച്ചടയ്ക്കാനുളളത് 700 കോടിയിലേറെ രൂപയാണ്. കെടിഡിഎഫ്സിയുടെ സാമ്പത്തിക പ്രതിസന്ധി ഫലത്തിൽ കേരളാ ബാങ്കിനെയും ബാധിക്കുമെന്ന അവസ്ഥയിലാണ്. സർക്കാർ നിർദ്ദേശപ്രകാരം 350 കോടി രൂപയുടെ വായ്പകളാണ് കെടിഡിഎഫ്സിക്ക് നൽകിയത്. അതേസമയം, നിയമം അനുശാസിക്കുന്ന കരുതൽ കേരള ബാങ്ക് വച്ചിട്ടുണ്ടെന്നും ബാങ്കിനെ ബാധിക്കില്ലെന്നുമാണ് കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിയ്ക്കൽ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top