തിരുവനന്തപുരം: നിക്ഷേപകർക്ക് പണം തിരികെ നൽകാനാവാതെ കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ. 490 കോടി രൂപയാണ് കെ.ടി.ഡി.എഫ്.സി നിക്ഷേപകർക്ക് നൽക്കേണ്ടത്. എന്നാൽ ഇത് എത്രയുംവേഗം നൽകിയില്ലെങ്കിൽ ബാങ്കിതര ധനകാര്യസ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് കെ.ടി.ഡി.എഫ്.സി.യെ റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ഇതോടെ സ്ഥാപനം നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായി. സർക്കാർ ഗാരന്റിയോടെയാണ് കെ.ടി.ഡി.എഫ്.സി. നിക്ഷേപം സ്വീകരിച്ചത്. അതിനാൽ നിക്ഷേപം തിരിച്ചുനൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് നിരീക്ഷിച്ചിരുന്നു. സ്ഥാപനം പ്രതിസന്ധിയിലായതോടെ ഒട്ടേറെപ്പേർ നിക്ഷേപം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാപനം തുടങ്ങിയ കാലത്ത് തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന വടക്കേയിന്ത്യൻ സ്വദേശികളും നിക്ഷേപകരായുണ്ട്. അവരുടെ അപേക്ഷകൾക്കും കത്തുകൾക്കും വ്യക്തമായ മറുപടിപോലും നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ കാണാനും അവസരമില്ല.
നിക്ഷേപം തിരികെനൽകാത്തതിനാൽ ശ്രീരാമകൃഷ്ണ മിഷൻ ഉൾപ്പെടെയുള്ള പല നിക്ഷേപകരും പരാതിപ്പെട്ടതോടെയാണ് റിസർവ് ബാങ്ക് ഇടപെട്ടത്. പണംനൽകാൻ ഏപ്രിലിൽത്തന്നെ റിസർവ് ബാങ്ക് ആവശ്യപ്പെടുകയും ചെയ്തു.

