കൊല്ലം: കൊല്ലത്ത് മുൻ കെഎസ്‍യു നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന കേസിൽ അന്വേഷണം മധ്യമേഖല ഡിഐജിക്കും ദക്ഷിണ മേഖല ഡിഐജിക്കും കൈമാറി. ഡിജിപി ദർവേശ് സാഹിബ് ആണ് കേസ് കൈമാറിയത്. കെഎസ്‍യു നേതാക്കൾ സർട്ടിഫിക്കറ്റുണ്ടാക്കി ഹൈക്കോടതിയിൽ അഭിഭാഷകരായി എൻറോൾ ചെയ്തെന്നാണ് പരാതി. ഇവർ പഠിച്ചു എന്ന് പറയുന്ന സർവകലാശാലയിൽ അന്വേഷണം നടത്തുമെന്ന് ബാർ കൗൺസിൽ പ്രസിഡന്റ് കെ എൻ അനിൽ കുമാർ പറഞ്ഞു. ബാർ കൗൺസിൽ നൽകിയ പരാതിയിലാണ് നടപടി.

കെഎസ്‌യു കൊല്ലം മുന്‍ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹൈക്കോടതിയില്‍ അഭിഭാഷകരായി എന്‍റോള്‍ ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്. രാജസ്ഥാനിലെ ഒപിജെഎസ് യുണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് എന്‍ട്രോള്‍ ചെയ്തത്. എന്നാല്‍ ഇതേകാലയളവില്‍ കൊട്ടിയം എന്‍എസ്എസ് ലോ കോളജില്‍ പഞ്ചവത്സര എല്‍എല്‍ബി പഠിച്ചതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കൊല്ലം കെഎസ്‌യു മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമാണ് കൗശിക് എം ദാസ്. ഇതിന് പുറമേ തെങ്കാശിയില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 5,000 രൂപയ്ക്ക് ലഭിക്കുന്ന കടലാസുകള്‍ സര്‍ട്ടിഫിക്കറ്റാക്കി മറിച്ചു വിറ്റ് കൗശിക് എം ദാസും വിഷ്ണു വിജയനും ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തില്‍ കണ്ടെത്തി.

