തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും നിയമനനിരോധനം തുടരേണ്ടിവരുമെന്ന് മാനേജ്മെന്റ്. സംസ്ഥാന സർക്കാരിന് കെഎസ്ആർടിസി നൽകിയ റിപ്പോർട്ടിലാണ് ഇത്തരമൊരു സൂചനയുള്ളത്. സ്ഥിരം ജീവനക്കാരുടെ എണ്ണം 25,000ൽ നിന്നും 15,000-ത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ശമ്പളച്ചെലവ് 83 കോടി രൂപയിൽനിന്ന് 50 കോടി രൂപയായി കുറയ്ക്കാനാണ് നീക്കം.

25,000 സ്ഥിരംജീവനക്കാരാണുള്ളത്.1500-2000-നും ഇടയ്ക്ക് ജീവനക്കാർ വർഷംതോറും വിരമിക്കുന്നുണ്ട്. ഇവർക്ക് പകരം നിയമനമുണ്ടാകില്ല. ജീവനക്കാരുടെ ണ്ണം15,000-ത്തിലേക്ക് എത്തിക്കുക എന്നതാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അതുവരെ നിയമനം നിർത്തിവെക്കേണ്ടിവരും. ഫലത്തിൽ 2017 മുതലുള്ള നിയമനനിരോധനം തുടരും.
പഴയബസുകൾ പിൻവലിക്കേണ്ടിവരുമ്പോൾ നാലുവർഷത്തിനിടെ ബസുകളുടെ എണ്ണം 3500 ആയി ചുരുങ്ങും. സൂപ്പർക്ലാസ് സർവീസുകൾ സ്വിഫ്റ്റിന് കൈമാറുന്നതിനാൽ കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര സർവീസുകളിൽ ഭൂരിഭാഗവും ഈ കാലയളവിനുള്ളിൽ സ്വിഫ്റ്റിലേക്ക് എത്തും. ഇതോടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയും.
ഒരു ബസിന് 8.7 ജീവനക്കാരെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന അനുപാതമാണ് കെ.എസ്.ആർ.ടി.സി.യിൽ ഉണ്ടായിരുന്നത്. ദേശീയശരാശരി 5.5 ആണ്. ദീർഘദൂര ബസുകളിൽ സ്ഥിരംജീവനക്കാരെ ഉപയോഗിച്ച് തുടരുന്ന മൾട്ടി ഡ്യൂട്ടി സംവിധാനമാണ് ശമ്പളച്ചെലവും ജീവനക്കാരുടെ എണ്ണവും ഉയർത്തുന്നത്. സ്വിഫ്റ്റിലെ ഡ്യൂട്ടിക്രമത്തിലേക്ക് മാറുമ്പോൾ പ്രവർത്തനച്ചെലവ് കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കരാർ നൽകുന്നതിനാൽ കെ.എസ്.ആർ.ടി.സി.യിലെപ്പോലെ ശക്തമായ മെക്കാനിക്കൽ വിഭാഗവും സ്വിഫ്റ്റിന് ആവശ്യമില്ല.

