തിരൂർ: കെ.എസ്.ആർ.ടി.സി പ്രതീക്ഷിച്ച വരുമാനം ഇല്ലാതെ വന്ന സാഹചര്യത്തിൽ സർവീസുകൾ ഇപ്പോൾ നിർത്തിയിരിക്കുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി പുതിയ സർവീസുകൾ ആരംഭിക്കുന്നത്. കൽപറ്റ-മൂന്നാർ സൂപ്പർ ഫാസ്റ്റ്, തിരൂർ വഴി റീഷെഡ്യൂൾ ചെയ്ത തൃശൂർ-കോഴിക്കോട്-എറണാകുളം ഫാസ്റ്റ് പാസഞ്ചറുകൾ എന്നിവയാണ് നിർത്തിയത്.

കാസർകോട്-തൃശൂർ സൂപ്പർ ഫാസ്റ്റ് പലതവണ സമയം മാറ്റിയും ഇടക്ക് എറണാകുളം വരെ ഓടിയും നോക്കി. എന്നിട്ടും പ്രതീക്ഷിച്ച വരുമാനമില്ല. കാസർകോട്-തൃശൂർ സൂപ്പർഫാസ്റ്റടക്കം മറ്റു പല സർവിസുകൾക്കും മരണമണി മുഴങ്ങുന്നുണ്ട്. കോഴിക്കോട് ഭാഗത്തുനിന്ന് പരപ്പനങ്ങാടി-തിരൂർ-തിരുനാവായ-കുറ്റിപ്പുറം-എടപ്പാൾ വഴി തൃശൂരിൽ എത്തുന്ന രീതിയിൽ സർവിസ് ആരംഭിക്കണമെന്നായിരുന്നു യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. പക്ഷേ കെ.എസ്.ആർ.ടി.സി ആരംഭിച്ച സർവിസുകളെല്ലാം പൊന്നാനി-ചാവക്കാട്-വാടാനപ്പള്ളി വഴിയായിരുന്നു. വാടാനപ്പള്ളി വഴി ദൂരം കൂടുതലും ഇടുങ്ങിയ റോഡുകളും തിരൂർ-തൃശൂർ യാത്രസമയം കൂട്ടുമെന്ന് യാത്രക്കാർ നേരേത്ത ചൂണ്ടിക്കാണിച്ചിരുന്നു.
മാത്രമല്ല, വാടാനപ്പള്ളി വരെ തിരൂർ വഴി ധാരാളം എറണാകുളം ഭാഗത്തേക്കുള്ള മറ്റു ബസുകളും ലഭ്യമാണ്. ആദ്യഘട്ടത്തിൽ പല ബസുകളും ഗുരുവായൂർ കയറാതെ ചാവക്കാടുനിന്ന് നേരെ വാടാനപ്പള്ളി വഴി തൃശൂരിലേക്കാണ് പോയിരുന്നതെങ്കിലും പ്രതീക്ഷിച്ച യാത്രക്കാർ ഇല്ലാതായതോടെ തൃശൂർ ബസുകളിൽ പലതും ഗുരുവായൂർ കയറി പോകാൻ തുടങ്ങി. ഇത് വീണ്ടും തിരൂർ-തൃശൂർ യാത്ര സമയം കൂട്ടി. ഇതോടെ നേരിട്ട് തൃശൂർ പോകുന്നവർ പലരും വാടാനപ്പള്ളി വഴിയുള്ള തൃശൂർ ബസുകളെ കൈയൊഴിഞ്ഞു.
തൃശൂർ ബസുകൾ ഗുരുവായൂരിൽ കയറി ഇറങ്ങിയതോടെ കോഴിക്കോട്-ഗുരുവായൂർ പരമ്പരാഗത സർവിസുകളുടെ കലക്ഷനെയും ബാധിച്ചു. തിരൂരിൽനിന്ന് പകൽ സമയങ്ങളിൽ വാടാനപ്പള്ളി വഴി തൃശൂരിലേക്ക് പോകുന്ന ബസിന് രണ്ടര മുതൽ മൂന്നു മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. എന്നാൽ, തിരൂരിൽനിന്ന് കുറ്റിപ്പുറം-തിരുനാവായ-എടപ്പാൾ വഴി തൃശൂരിലേക്ക് പോകുകയാണെങ്കിൽ ഒന്നര മുതൽ പരമാവധി രണ്ടു മണിക്കൂർ വരെ സമയം മതിയാകും. മാത്രമല്ല, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ മേഖലകളിൽനിന്ന് നേരിട്ട് ബസ് ഇല്ലാത്ത എടപ്പാൾ, കുന്നംകുളം, ചങ്ങരംകുളം ഭാഗങ്ങളിലേക്ക് പോകുന്നവർക്കും ഈ സർവിസ് ഉപകാരപ്പെടും. വർഷങ്ങൾക്കുമുമ്പും തിരൂരിൽനിന്ന് ചാവക്കാട്-ഗുരുവായൂർ വഴി തൃശൂർ സർവിസുകൾ ആരംഭിച്ച ശേഷം ആളില്ലാതെ നിർത്തിയിരുന്നു. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് തിരൂരിൽനിന്ന് നേരിട്ട് ബസ് സർവിസ് ഇല്ലാത്ത തിരുനാവായ-കുറ്റിപ്പുറം-ചങ്ങരംകുളം-കുന്നംകുളം വഴി തൃശൂരിലേക്ക് പോകുന്ന രീതിയിൽ റീ ഷെഡ്യൂൾ ചെയ്യണമെന്ന ആവശ്യം ഉയർന്നത്.

