തിരുവനന്തപുരം: തിരുവനന്തപുരം ജില്ല വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്താന്‍ നഗരത്തില്‍ 27 കോടി രൂപയുടെ കേരളീയം മാമാങ്കം നടത്തുന്നവരെ ജനം മുക്കാലിയില്‍ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം എത്തിക്കുന്നതിനു പകരം ആര്‍ഭാടത്തില്‍ ആറാടുന്ന അഭിനവ നീറോ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

നെല്ലു സംഭരിക്കാനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാനും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും പണം ചോദിക്കുമ്പോള്‍ ധനമന്ത്രി കൈമലര്‍ത്തും. കൊയ്യാനുള്ള നെല്ലു വരെ ഈടുവച്ച് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് സപ്ളൈക്കോ കടമെടുത്ത പണം തിരിച്ചടച്ചാലേ ഈ വര്‍ഷം നെല്ലു സംഭരണം നടക്കൂ. അതിനായി സിപിഐ മന്ത്രിമാര്‍ യാചിച്ചെങ്കിലും ധനമന്ത്രി കൈമലര്‍ത്തി. കരുവന്നൂര്‍ ബാങ്കില്‍ ആത്മഹത്യാമുനമ്പില്‍ നില്ക്കുന്ന പാവപ്പെട്ടവരുടെ പണം തിരിച്ചു നല്കാനും പണമില്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി 570 കോടി നല്കാനും സ്പീക്കര്‍ക്ക് വിദേശയാത്രപ്പടിയായി 33 ലക്ഷം രൂപ നല്കാനും ഇഷ്ടംപോലെ പണമുണ്ട്.
വളരെ അത്യാവശ്യമുള്ള 58 ഇനങ്ങളുടെ മാത്രം ബില്ല് നല്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ട്രഷറിക്ക് നല്കിയ നിര്‍ദേശം. അതിനു പുറത്തുള്ള ബില്ലുകളില്‍ 5 ലക്ഷം രൂപയ്ക്കു രൂപയ്ക്ക് മുകളിലുള്ള ഒരു ചെക്കുപോലും മാറില്ല. 9 ലക്ഷം പേര്‍ അപേക്ഷകരുള്ള ലൈഫ് പദ്ധതിക്ക് വെറും 18.28 കോടി മാത്രം നല്കിയപ്പോള്‍ കേരളീയത്തിനായി 27 കോടി മാറ്റിവച്ചു. സാമൂഹിക ക്ഷേമപെന്‍ഷന്‍ നാലുമാസമായി മുടങ്ങി.
സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാന്‍ പോകുന്നു. സാധാരണക്കാരന്റെ കഴുത്തറക്കും വിധം നികുതി വര്‍ധിപ്പിച്ച് പിരിച്ചെടുക്കുന്ന പണമാണ് പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്.

