Health

കോവിഡ് മൂന്നാം തരംഗത്തിലേക്ക്; വന്‍നഗരങ്ങളിലെ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ എന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യം കോവിഡ് 19-ന്റെ മൂന്നാം തരംഗത്തിലാണെന്നും വൻനഗരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വലിയൊരു പങ്ക് ഒമിക്രോൺ വകഭേദം മൂലം ഉള്ളതാണെന്നും വിദഗ്ധർ. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 75 ശതമാനവും ഒമിക്രോൺ വകഭേദം മൂലമുള്ളതാണെന്ന് കോവിഡ് വാക്സിൻ കർമസേന തലവൻ ഡോ. എൻ.കെ. അറോറയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

നേരത്തെ ദേശീയതലത്തിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 12 ശതമാനമായിരുന്നു ഒമിക്രോൺ വകഭേദമെങ്കിൽ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയർന്നു. തുടർന്നും ഒമിക്രോൺ രോഗബാധയുടെ നിരക്ക് ദേശീയ തലത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ വൻ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളിൽ 75 ശതമാനവും ഒമിക്രോൺ രോഗബാധയാണെന്നും അറോറ വ്യക്തമാക്കി.

ഇന്ത്യയിൽ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോൺ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകൾ എടുത്താൽ രാജ്യത്ത് കേസുകൾ കുതിച്ചുയരുകയാണെന്ന് വ്യക്തമാകുമെന്നും അറോറ ചൂണ്ടിക്കാട്ടി.

 

ഇന്ത്യയിൽ ഇതുവരെ 1700 ഒമിക്രോൺ രോഗബാധയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയർന്ന സംഖ്യ. തിങ്കളാഴ്ച ഒമിക്രോൺ കേസുകളിൽ 22 ശതമാനത്തിന്റെ വർധന ഉണ്ടായതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ച കോവിഡ് സാമ്പിളുകളിൽ 81 ശതമാനവും ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഡിസംബർ 30-31 തീയതികളിലെ ജനിതക ശ്രേണീകരണത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

 

തിങ്കളാഴ്ച ഡൽഹിയിൽ 4,099 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്. മേയ് മാസത്തിനു ശേഷം ഡൽഹിയിലുണ്ടാകുന്ന ഏറ്റവും ഉയർന്ന ടിപിആർ ആണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടയിൽ പതിനായിരത്തോളം പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top