കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളോടെ ഗഡ്കരി ഐസൊലേഷനിലാണ്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരോട് പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ അറിയിപ്പ്. ട്വീറ്റ് ഇങ്ങനെ : ‘ ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ഞാൻ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കമുണ്ടായിരുന്നവർ പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് നിതിൻ ഗഡ്കരിക്കും കൊവിഡ് പോസിറ്റീവാകുന്നത്. തിങ്കളാഴ്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മുൻപ് സെപ്റ്റംബർ 2020 ൽ മെഡിക്കൽ ചെക്കപ്പിനിടെയാണ് നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

