ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 40,000 ലേക്കും ആകെ ഒമിക്രോണ്‍ കേസുകള്‍ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 578 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4099 കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റ് റേറ്റ് 6.46 ആണ്. കോവിഡ് സംശയിക്കുന്ന 6,288 പേര്‍ വീടുകളില്‍ ഐസൊലേഷനിലാണ്.

