പത്തനംതിട്ട: സി.പി.എം ഇരവിപേരൂര്‍ ഏരിയ സെക്രട്ടറിയായി അഡ്വ. പീലിപ്പോസ് തോമസിനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായ സാഹചര്യത്തില്‍ സംസ്ഥാന-ജില്ല നേതൃത്വത്തിന്റ ഇടപെടലിനെത്തുടര്‍ന്ന് പീലിപ്പോസ് തോമസിനെ സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു. നിലവിലെ സെക്രട്ടറി പി.സി. സുരേഷ് കുമാര്‍ തുടരട്ടെയെന്ന നിര്‍ദേശം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു മുന്നോട്ടുവെച്ചെങ്കിലും കമ്മിറ്റിയിലെ 11 പേര്‍ അംഗീകരിച്ചില്ല . പകരം ഓതറയില്‍നിന്നുള്ള അനില്‍ കുമാറിനെ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടു. എട്ട് അംഗങ്ങള്‍ ഇത് എതിര്‍ത്തു.


തര്‍ക്കത്തില്‍ പീലിപ്പോസ് തോമസ് നിഷ്പക്ഷത പാലിച്ചു. ഒരു കാരണവശാലും തിരഞ്ഞെടുപ്പ് നടത്താന്‍ പാടില്ലന്ന നിലപാടിലായിരുന്നു നേതൃത്വം. മുതിര്‍ന്ന അംഗം ജി.അജയകുമാറിനെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ദീപ ശ്രീജിത്, ബ്ലോക്ക് സെക്രട്ടറി പി.ടി. അജയന്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശിധരന്‍ പിള്ള എന്നിവരെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഏരിയ സമ്മേളനത്തില്‍ സെക്രട്ടറിക്കും മുതിര്‍ന്ന അംഗം അജയകുമാറിനും എതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു.
പാര്‍ട്ടി ഭരിക്കുന്ന ഇരവിപേരൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പ്യൂണായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തായി വിമര്‍ശനം ഉണ്ടായി. മുതിര്‍ന്ന അംഗം അജയകുമാറാണ് ബാങ്ക് പ്രസിഡന്‍റ്. വിമര്‍ശനത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. എ.ഐ.സി.സി അംഗമായിരുന്ന പീലിപ്പോസ് തോമസ് 2014 മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നത്.

