വീട്ടുകാര്‍ അലങ്കാര മത്സ്യം വാങ്ങിക്കൊടുത്തില്ല, എട്ടാം ക്ലാസ്സുകാരന്‍ പോലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം. അലങ്കാര മത്സ്യങ്ങളെ വാങ്ങികൊടുക്കാത്തതിന് അമ്മയെയും സഹോദരനെയും വീടിനുള്ളില്‍ പൂട്ടിയിട്ടിട്ട ശേഷം പട്ടിക്കൂട്ടില്‍ ഒളിച്ചിരുന്ന 13 കാരനാണ് ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. അലങ്കാര മത്സ്യങ്ങളെ വളര്‍ത്തണമെന്നും വാങ്ങിക്കൊടുക്കണമെന്നും കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ അത് വാങ്ങി നല്‍കിയില്ല.

വിദേശത്തായ അച്ഛന്‍ അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ വാങ്ങി നല്‍കാമെന്നു അമ്മ പറഞ്ഞു. ഇതില്‍ പ്രകോപിതനായ കുട്ടി വീട് പുറത്തു നിന്നു പൂട്ടിയ ശേഷം പട്ടിക്കൂട്ടില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. പിന്‍വാതിലിലൂടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ അമ്മയും സഹോദരനും കുട്ടിയെ തിരക്കി എങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു ബന്ധുക്കളെ എല്ലാം വിവരമറിയിച്ചു. ബന്ധു വീടുകളിലൊന്നും കുട്ടി ചെന്നിട്ടില്ലെന്ന് അറിഞ്ഞതോടെ ആകെ ബഹളവും കരച്ചിലുമായി.
ഇതോടെ സംഭവം പോലീസിലും അറിയിച്ചു. കുട്ടിയുടെ ഫോട്ടോയുമായി പോലീസ് അന്വേഷണം ആരംഭിച്ചു. സമീപമുള്ള പോലീസ് സ്റ്റേഷനുകളിലും കുട്ടിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറി. നാട്ടുകാരും പോലീസിനൊപ്പം കുട്ടിക്കായി സംഘം തിരിഞ്ഞ് അന്വേഷണം തുടങ്ങി. സമൂഹമാധ്യമങ്ങളില്‍ കുട്ടിയെ കാണാനില്ല എന്ന സന്ദേശങ്ങള്‍ എത്തി. പല സ്ഥലങ്ങളിലും കുട്ടിയെ കണ്ടതായുള്ള സംശയം വന്നതോടെ പോലീസും നാട്ടുകാരും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. നഗരത്തില്‍ കുട്ടിയെ കണ്ടതായി ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളും പരിശോധിച്ചു. പോലീസും നാട്ടുകാരും അന്വേഷണം ഊര്‍ജിതമായി നടത്തുന്നതിനിടെ രാത്രി 9 മണിയോടെ പട്ടിക്കൂട്ടില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.

