പോത്തന്‍കോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കൊലയ്ക്ക് മുന്‍പ് ട്രയല്‍ റണ്‍ നടത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. മംഗലാപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. അക്രമി സംഘം സഞ്ചരിച്ച ഓട്ടോ ഓടിച്ച രഞ്ജിത്ത് പോലീസിന്റെ പിടിയിലായിട്ടുണ്ട്. വഞ്ചിയൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുധീഷ്.


വധശ്രമക്കേസില്‍ ഒളിവിലിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് അക്രമിസംഘമെത്തിയത്. ഇവരെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയും ആക്രമിച്ചു. അക്രമിസംഘം സുധീഷിന്റെ ഇടതുകാല്‍ വെട്ടിയെടുത്ത്, ബൈക്കില്‍ അര കിലോമീറ്റര്‍ അപ്പുറം കല്ലൂര്‍ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തി. ശേഷം ഇത് റോഡില്‍ വലിച്ചെറിഞ്ഞു. ജംഗ്ഷനില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഗുണ്ടാ നേതാവിന്റെ സുഹൃത്തിനെ കൊന്നതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ സുധീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.


