മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് കൊല്ലത്ത് തുടങ്ങി. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഷോട്ട്പുട്ട് മത്സരത്തിനുള്ള ഷോട്ടെറിഞ്ഞാണ് മുൻ കായികതാരംകൂടിയായ മന്ത്രി ഗെയിംസ് ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ച 45 വയസ്സിനു മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ മന്ത്രി ചിഞ്ചുറാണി പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച പത്തിനോന്നിനാകും മന്ത്രിയുടെ മത്സരം. ഞായറാഴ്ച നടക്കുന്ന ഹാൻഡ് ബോൾ മത്സരത്തിലും മന്ത്രി പങ്കെടുത്തേക്കും.

ഉദ്ഘാടനച്ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ എം.നൗഷാദ് എം.എൽ.എ അധ്യക്ഷനായി. മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ സെക്രട്ടറി ജനറൽ വിനോദ്കുമാർ, ക്യു.എ.സി പ്രസിഡന്റ് കെ.അനിൽകുമാർ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ സവാദ്, മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ കൊല്ലം പ്രസിഡന്റ് ഡിങ്കി ഡിക്രൂസ്, സംസ്ഥാന പ്രസിഡന്റ് എ.അബ്ദുൽ കരീം, സെക്രട്ടറി ആർ.എസ് പ്രശാന്ത്, ട്രഷറർ എച്ച്.എൻ ബൈജു, ജില്ലാ സെക്രട്ടറി എ.അനിലാൽ, പൂജ ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ചവരെയാണ് മത്സരങ്ങൾ. വിവിധ ജില്ലകളിൽനിന്ന് 2500 കായികതാരങ്ങൾ 15 ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സൈക്ലിങ്, ആർച്ചറി, ഷൂട്ടിങ് മത്സരങ്ങൾ വെള്ളിയാഴ്ച പൂർത്തിയായി. കബഡി, വോളിബോൾ ആദ്യ റൗണ്ട് മത്സരങ്ങളും നടന്നു.

