കുട്ടികള്‍ക്കു പഠിക്കാന്‍ ബൈജൂസ് ആപ്പ് വാങ്ങി ആപ്പിലായി രക്ഷിതാക്കള്‍. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തതിനെ കുറിച്ചും പണം തിരിച്ചു നൽകാത്തതിനെ സംബന്ധിച്ചുമെല്ലാം നിരവധി പരാതികളാണ് ബൈജൂസ് ആപ്പിനെതിരെ ഉയർന്നിരിക്കുന്നത്. കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതു മുതൽ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂർണമായും മാറുകയായിരുന്നു. പുതിയ രീതിയിലേക്ക് പെട്ടന്ന് പഠനം മാറിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തി. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിന് സഹായകമാകും എന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കൾ ബിബിസിയോട് പറഞ്ഞു.

പറഞ്ഞ രീതിയിലുള്ള സേവനങ്ങൾ പിന്നീട് ലഭ്യമായില്ലെന്നും രക്ഷിതാക്കൾ പറയുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന വളർച്ചയാണ് ഉണ്ടാക്കിയത്. 2011 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്.

