തിരുവനന്തപുരം :ബിജെപി ഭാരവാഹികളുടെ ജംബോ പട്ടിക കെ.സുരേന്ദ്രന്‍ പുറത്തിറക്കിയ ദിവസം തന്നെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് സമ്പൂര്‍ണ പരാജയമെന്ന് വിമതര്‍. ദേശീയ കൗണ്‍സില്‍ മുതല്‍ മേഖലാതലം വരെയുള്ള പുനഃസംഘടനയില്‍ എതിര്‍പക്ഷത്തുള്ളവരെ പൂര്‍ണമായും തഴഞ്ഞു. അതേസമയം, ചില മുന്‍കാലനേതാക്കളുടെ പേരെഴുതിച്ചേര്‍ത്ത് കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും എം.ടി രമേശ്, ശോഭ പക്ഷം പറയുന്നു. പ്രമുഖനായ ജെ.ആര്‍ പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയപ്പോള്‍ അടുത്തിടെ വന്ന മാധ്യമപ്രവര്‍ത്തകരെയടക്കം പരിഗണിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ട് പോകണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശവും കോര്‍കമ്മിറ്റിയിലെ ഉപദേശവും ചെവിക്കൊള്ളാതെയാണ് 150 അംഗ ഭാരവാഹിപ്പട്ടികയെന്നും വിമര്‍ശമുയര്‍ന്നു.

പിറവം നഗരസഭയില്‍ നിര്‍ണായക ശക്തിയാകുമെന്ന് പറഞ്ഞെങ്കിലും കിട്ടിയത് ആറ് വോട്ട്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി പരമ ദയനീയം. പോത്തന്‍കോട്, ചിറയിന്‍കീഴ്, ശ്രീകൃഷ്ണപുരം, മതിലകം തുടങ്ങി ഉപതെരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം വാര്‍ഡുകളിലും നേട്ടമുണ്ടാക്കാനായില്ല. സംഘപരിവാര്‍ നടത്തുന്ന അക്ഷയശ്രീ അംഗങ്ങള്‍പോലും വോട്ട്ചെയ്തില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. പത്ത് ലക്ഷത്തിലധികം കേഡര്‍മാരുള്ളപ്പോഴും അത് നേട്ടമാക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ആര്‍എസ്‌എസ് നേതാവ് പറയുന്നു. സഹകാര്‍ ഭാരതിയും ഹിന്ദു ബാങ്കും വഴി കോടികള്‍ ചെലവഴിച്ചിട്ടും വോട്ടാക്കാനാകുന്നില്ല. 2011 ലെ കണക്ക് പറഞ്ഞ് ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് വിമത നേതാക്കളുടെ വാദം.

