സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് തൃശൂരില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ പോലീസുകാര്‍ക്കെതിരെ പരാതികളുടെ ഘോഷയാത്ര. കേസന്വേഷണത്തിലെ പിഴവുകളും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. 49 പരാതികള്‍ പരിഗണിച്ചതില്‍ 16 എണ്ണം തുടര്‍ നടപടികള്‍ക്കായി കമ്മീഷണര്‍ക്ക് കൈമാറി. ഏഴെണ്ണത്തില്‍ പോലീസ് ആസ്ഥാനത്തു നിന്ന് നേരിട്ട് നടപടി സ്വീകരിക്കും. ബാക്കിയുള്ളവ അന്വേഷണത്തിനായി അസി. കമ്മീഷണര്‍മാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കി.

കേസന്വേഷണങ്ങളിലെ അപാകത, വിവിധ നിക്ഷേപ പദ്ധതികളില്‍ പണം നഷ്ടപ്പെട്ടവര്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്ഷേപങ്ങള്‍, തൃശൂര്‍ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരം, ബ്ലേഡ് മാഫിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരാതിയില്‍പ്പെടുന്നു. എല്ലാവരെയും നേരിട്ടു കണ്ട് പരാതി കേട്ടതിനു ശേഷമാണ് വിശദ അന്വേഷണത്തിനും നടപടി സ്വീകരിക്കുന്നതിനും ഡി.ജി.പി ഉത്തരവിട്ടത്.
തൃശൂര്‍ മേഖല ഡി.ഐ.ജി എ. അക്ബര്‍, കമ്മീഷണര്‍ ആര്‍. ആദിത്യ, അസി. കമ്മീഷണര്‍മാരായ എം.കെ. ഗോപാലകൃഷ്ണന്‍, വി.കെ. രാജു, ടി.എസ്. സിനോജ്, ടി.ആര്‍. രാജേഷ്, കെ.സി. സേതു, കെ.ജി. സുരേഷ് എന്നിവരും തൃശൂര്‍ സിറ്റി പോലീസിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും പങ്കെടുത്തു. ബ്ലേഡ് മാഫിയക്കെതിരെ നടപടി വേണം, അനധികൃതമായി പണം വായ്പ നല്‍കുന്നവര്‍, വലിയ നിരക്കില്‍ പലിശ ഈടാക്കുന്ന സംഘങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസുകാര്‍ക്ക് ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശമുണ്ട്. അത്തരം സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ സേനക്ക് നിര്‍ദേശം നല്‍കിയ ഡി.ജി.പി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോടായി പറഞ്ഞു.
തൃശൂരില്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു ഡി.ജി.പി. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ഏറ്റവും വേഗത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോടുള്ള പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ എപ്പോഴും മാന്യത പുലര്‍ത്തണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണം. പോക്സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടുള്ളതല്ലെന്നും ഡി.ജി.പി നിര്‍ദേശം നല്‍കി.

