കോട്ടയം: കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിനായി ജില്ലയിൽ ഡിസംബർ 11 മുതൽ 24 വരെ തീവ്രയയജ്ഞം നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ.ഇതിനു മുന്നോടിയായി ഡിസംബർ പത്തിനകം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഭരണസമിതി ചേർന്ന് പ്രദേശത്തെ വാക്സിനേഷൻ നടപടികൾ ചർച്ച ചെയ്യാൻ തദ്ദേശസ്ഥാപന മേധാവികളുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ കളക്ടർ നിർദ്ദേശിച്ചു.


ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും ചേർന്ന് ജില്ലയിൽ വീടുകൾ തോറും ആശാ, ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് നവംബർ 24 മുതൽ 30 വരെ നടത്തിയ സർവേയുടെ ഫലങ്ങൾ കളക്ടർ യോഗത്തിൽ അവതരിപ്പിച്ചു.
പ്രദേശത്ത് വാക്സിനേഷൻ ഇനിയും എടുക്കാനുള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി പിന്നിട്ടവരുടെയും വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ വാർഡംഗം/ കൗൺസിലർക്കു കൈമാറും. തുടർന്ന് ഡിസംബർ 14 മുതൽ 24 വരെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ചേർന്ന് ഇവരുടെ വീടുകൾ സന്ദർശിക്കും.
അലർജി, മറ്റു ഗുരുതര രോഗങ്ങൾ എന്നിവയുള്ളവർക്ക് പ്രധാന ആശുപത്രികളായ കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ഒരുക്കും. ഇവിടങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടു ശതമാനത്തിലധികം പേർ ഇനിയും വാക്സിൻ എടുക്കാനുള്ള 47 തദ്ദേശ സ്ഥാപന പരിധികളിൽ മൈക്ക് അന്നൗൺസ്മെന്റ് നടത്തും. ഇവിടങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വാക്സിൻഷൻ കേന്ദ്രങ്ങൾ അനുവദിക്കും.

