കറുകച്ചാൽ :പോലീസുകാരെ ആക്രമിച്ചശേഷം സ്റ്റേഷനില്‍നിന്ന് കടക്കാന്‍ ശ്രമിച്ച പ്രതിയെ കറുകച്ചാല്‍ പോലീസ് ഓടിച്ച് പിടികൂടി. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കറുകച്ചാല്‍ കൊച്ചുകണ്ടം ചക്കിട്ടപറമ്പില്‍ സന്തോഷ് (മാത്യു -39) ആണ് അറസ്റ്റിലായത്. കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച കറുകച്ചാല്‍ പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. പാറാവ് ജോലിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചശേഷം ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. പിന്തുടര്ന്നെത്തിയ പോലീസ് കറുകച്ചാല്‍ കവലയില്‍വെച്ച് ഇയാളെ ഓടിച്ച് പിടികൂടി.

വീണ്ടും സ്റ്റേഷനിലെത്തിച്ച പ്രതി എ.എസ്.ഐ മാത്യു വര്‍ഗീസിന്റെ കാല് കടിച്ചുമുറിച്ചശേഷം എ.എസ്.ഐ വിഷ്ണുവിനെ ചവിട്ടി താഴെയിട്ടു. പോലീസ് ബലം പ്രയോഗിച്ച് ഇയാളെ ലോക്കപ്പില്‍ അടച്ചു. മുമ്പും പോലീസുകാരെ ആക്രമിച്ചതടക്കം ഇയാളുടെ പേരില്‍ 18 ഓളം കേസ് വിവിധ സ്റ്റേഷനിലുണ്ട്. രണ്ടുവര്‍ഷം മുമ്പ് സ്ത്രീകളെ ശല്യപ്പെടുത്തിയ കേസില്‍ പിടികൂടാനെത്തിയ കറുകച്ചാല്‍ സ്റ്റേഷനിലെ പോലീസുകാരനെ കുത്തിയശേഷം സന്തോഷ് കാല് കടിച്ചുമുറിച്ചിരുന്നു. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

