ചാലക്കുടി :നാട്ടുകാരെ ആക്രമിച്ച് വിറളിയെടുത്ത് പാഞ്ഞ പോത്തിനെ വെടിവെച്ചുകൊന്നു. ചട്ടിക്കുളം ഭാഗത്തുനിന്ന് കശാപ്പിനായി കൊണ്ടുവരുമ്പോഴാണ് പോത്ത് നിയന്ത്രണം തെറ്റി പാഞ്ഞത്. തോന്നിയ വഴികളിലൂടെ എല്ലാം തട്ടിത്തെറിപ്പിച്ച് പാഞ്ഞ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കുട്ടികളടക്കം വഴിയിലൂടെ പോയവരെയെല്ലാം തട്ടി വീഴ്ത്തിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. ചക്കാലക്കല്‍ കുഞ്ഞുവറീത് (55), ജോഷി വേലംപ്ലാവ് (45) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കുണ്ടുകുഴിപ്പാടം, മാരാംകോട് തുടങ്ങിയ പ്രദേശങ്ങളിലൂടെ പാഞ്ഞ പോത്ത് അവസാനം കാട്ടില്‍ കയറിയെങ്കിലും വീണ്ടും നാട്ടിലിറങ്ങി നാശം വരുത്തി. വിവരമറിഞ്ഞ് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍നിന്ന് പൊലീസ് സംഘമെത്തിയിരുന്നു. പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കുറ്റിക്കാട് വെച്ച് നാട്ടുകാര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.


