മാരാരിക്കുളം :സ്കൂട്ടറില്‍ വന്ന് വയോധികയുടെ മാല പൊട്ടിച്ചു കടന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പല്‍ കളപ്പുര വാര്‍ഡില്‍ ചക്കംപറമ്പ് വീട്ടില്‍ രമാദേവി (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കലവൂര്‍ പാലത്തിന് തെക്കുവശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന 81 വയസ്സുകാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കം വരുന്ന മാലയുടെ കഷണവുമായി കടന്നു കളയുകയും ചെയ്യുകയായിരുന്നു.

രാവിലെ 11.30 മണിയോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവതി സമീപമെത്തി വിവരം തിരക്കാനെന്ന വ്യാജേന സംസാരിച്ച് നില്‍ക്കുകയും തുടര്‍ന്ന് മാല പൊട്ടിച്ച് കടക്കുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്വര്‍ണം ആലപ്പുഴയിലെ ഒരു കടയില്‍ നിന്നു കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജിന്‍റെ നേതൃത്വത്തില്‍ മണ്ണഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. മോഹിത്, സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബിജു, അസി. സബ് ഇന്‍സ്പെക്ടര്‍ വി.പി. മനോജ്., സി.പി.ഒമാരായ സിബി, ഷാനവാസ്, രജീഷ്, സുധീഷ്, വില്‍ഫ്രീഡ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

